Tuesday, June 05, 2007

മാറുന്ന മലയാളി 1960 മുതല്‍ (‍സീന്‍ 2)

ഇപ്പോള്‍ കേരളത്തില്‍ ആരും നെല്‍കൃഷി സന്തോഷത്തോടെ ചെയ്യില്ലല്ലോ? -അതിനുപ്രധാനകാരണം നെല്‍കൃഷി നഷ്ഠമായതുകൊണ്ടുമാത്രമല്ല.നെല്‍കൃഷി ചെയ്യാന്‍ വേണ്ട പണിക്കാരേ കിട്ടാത്തതുകൊണ്ടും കൂടിയാണ` എന്നാല്‍ പത്തിരുപതു കൊല്ലം മുമ്പ് വരെ കാര്യങ്ങള്‍‍ ഇങ്ങനെ അല്ലാതിരുന്നു.അന്ന് വയലായ വയലുകള്‍ മുഴുവന്‍ കൃഷിചെയ്‌തിരുന്നു.ഇരിപ്പു,മുപ്പൂ എന്നിങ്ങനെ ജലത്തിന്‍റെ ലഭ്യത അനുസരിച്ച്.പോരാത്തതിന` ചില സ്ഥലങ്ങളില്‍ കരനെല്ലും കൃഷിചെയ്‌തിരുന്നു.വയലുകളല്ലാത്ത നിരന്ന കരഭൂമിയില്‍ ചിലപ്രത്യേകയിനം നെല്‍ വിത്തുകള്‍ നട്ടാല്‍ നല്ല വിള കിട്ടുമായിരുന്നു.

നെല്‍കൃഷിയില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ വേണ്ടത് വയല്‍‍ കൊയ്യുമ്പോള്‍ ആണല്ലോ.ഇപ്പോള്‍ എങ്ങനെയെങ്കിലും കൃഷി ഇറക്കിയാലും വയല്‍ കൊയ്യാറാകുമ്പോള്‍ അത്രയും ആള്‍ക്കാരെ കിട്ടാതെ കര്‍ഷകന്‍ കിടന്നോടുന്ന കാഴ്ചയാണ`കാണുക. പണ്ട് ഇങ്ങനെ ഒന്നും ഉണ്ടാകാറില്ലായിരുന്നു.പാടത്ത് അതിരാവിലെ തന്നെ കൊയ്‌ത്തുകാര്‍ ഒത്തുകൂടുമായിരുന്നു.വളരെ വളരെ ആള്‍ക്കാര്‍.കൊയ്ത്തു കുലി നെല്ലായിട്ടു മാത്രം.പത്തു പറ നെല്ലിന് ആദ്യ കാലത്തെല്ലാം ഒരു പറ നെല്ലായിരുന്നു കൂലി.അങ്ങനെ മൊത്തം കിട്ടുന്ന കൂലി- ഇതിനെ പതം എന്ന് പറയുമായിരുന്നു. എല്ലാവരും ആളെണ്ണി തുല്യമായി വീതം വച്ച് എടുക്കുമായിരുന്നു. ചിലപ്പോള്‍ ആണുങ്ങള്‍ക്ക് അല്പം കൂടുതല്‍ കൂലി പെണ്ണുങ്ങള്‍ സഹിച്ചങ്ങു കൊടുക്കുമായിരുന്നു. കൊയ്‌ത്തുകാലത്ത് മിയ്‌ക്കപ്പോഴും സന്ധ്യ ആകുമ്പോഴായിരിയ്‌ക്കും കൊയ്ത്തു ജോലി കഴിയുന്നത്.ഇങ്ങനെ കൊയ്ത്തുകഴിഞ്ഞ് ധാരളം പെണ്ണുങ്ങള്‍ വരിവരിയായി നെല്ല് കൂലിയായി വാങ്ങി തലയില്‍ കെട്ടിവച്ച് വീട്ടിലേയ്‌ക്കു പോകുന്ന കാഴ്ച അന്ന് ഗ്രാമ കേരളത്തിന്‍റെ ഒരു ഭാഗമായിരുന്നു.പോകുന്ന വഴി തോട് ,പുഴ, കുളം മുതലായ സ്ഥലങ്ങളില്‍ ഒരുമിച്ച് ഇറങ്ങി അവര്‍ കുളിയ്‌ക്കുകയും ചെയ്യുമായിരുന്നു.

നെല്ലു മായി ബന്ധപ്പെട്ട മറ്റൊരു കാഴ്ച വയ്‌ക്കോല്‍ അടിയാണ`.മെതിച്ച കറ്റ ഏകദേശം ഒരാഴ്ച അടുക്കി വയ്‌ക്കും, ഇതിനെ തുറു എന്നു പറയും. മുറ്റത്തോ നെല്‍ക്കളത്തിലോ വച്ചിരിയ്‌ക്കുന്ന ഈ തുറുവില്‍ നിന്നും ഒരാഴ്ച ആകുമ്പോള്‍ കറ്റ സ്വയം പുഴുങ്ങി ആവി വരാന്‍ തുടങ്ങും. ഈ കറ്റകളെ പെണ്ണുങ്ങള്‍ കാലുകൊണ്ടു ചവിട്ടിയോ, അല്ലങ്കില്‍ നീണ്ട ഒരു കമ്പുകൊണ്ട് അടിച്ചോ അതില്‍ ഇരിയ്‌ക്കുന്ന നെല്ല് മാറ്റിയെടുക്കുന്നു.ഈ നെല്ല് ആദ്യം അടിച്ചപ്പോള്‍ കറ്റയില്‍ നിന്നും ഉര്‍ന്ന് വരാത്ത പതരും കുറച്ചു നെല്ലു മാത്രമാണന്ന് ഓര്‍‌ക്കണം. ഇങ്ങനെ വയ്‌ക്കോലില്‍ നിന്നും ഊര്‍ത്തെടുക്കുന്ന നെല്ല് പാറ്റി അതിലേ ചണ്ടും പതരും വേര്‍തിരിച്ച്, നെല്ലു മാത്രം ഒരോരുത്തരും കൂട്ടിവയ്‌ക്കുന്നു.ഇതില്‍ നിന്നും പകുതി ഉടമസ്ഥനും പകുതി പണിക്കാര്‍ക്കും, അതായിരുന്നു കൂലി നിയമം.അന്ന് നെല്ലിനും അരിയ്‌ക്കും നല്ല വിലയള്ളതും സാധാരണ ജനങ്ങള്‍ വളരെ ദരിദ്രരായിരുന്നതും തുടര്‍ച്ചയായി പണിയില്ലാത്തതുമായിരുന്നു ഇതിനെല്ലാം കാരണം.ഇതിനെക്കാള്‍ പരിതാപകരമായ ഒരു കാഴ്ച ഞാന്‍ കണ്ടിട്ടുണ്ട്. ചില വയലുകള്‍ ഉടമസ്ഥന്‍റെ വീട്ടില്‍ നിന്നും കുറേ അകല ആയിരിയ്‌ക്കും, കൊയ്യുന്ന കറ്റകള്‍ ചുമന്ന് അവിടെ കൊണ്ടുപോകണം, പോകുന്ന വഴി കതിര്‍ കുലകള്‍ ഒടിഞ്ഞ് താഴെ വീഴും ,കൊയ്‌തു കഴിഞ്ഞ വയലിലും കുറേ നെല്‍ കുലകളും നെല്‍മണികളും കിടക്കുന്നുണ്ടാകും, പണിയ്‌ക്കു പോകാന്‍ കഴിയാത്ത വൃദ്ധരായ പഴയ ചില പണിക്കാര്‍ വളരെ പണിപ്പെട്ട് ഈ നെല്‍ മണികള്‍ പുറക്കിയെടുക്കുമായിരുന്നു. മഹാഭാരതത്തില്‍ പറഞ്ഞിട്ടുള്ള ഉതിര്‍ മണികള്‍ പുറക്കി ജീവിയ്‌ക്കുന്ന കുടുംബം പോലെ. ഞാന്‍ കണ്ടിട്ടുള്ള ജീവിതോപാദികളായ ജോലികളില്‍ ഏറ്റവും സത്യസന്ധവും , നിരഹങ്കാരവും,പാവങ്ങളില്‍ പാവവും ആയ രീതി ഈ ഉതിര്‍ മണി പുറക്കലാണ`.കിളികളെ പോലെ, പാടത്ത് ആര്‍ക്കും വേണ്ടാതെ ഉപേക്ഷിച്ച നെല്‍മണികള്‍ പുറക്കിയെടുക്കുന്ന ജോലി.ഇന്ന് കേരളം വളരെ ഉയര്‍ന്നിരിയ്‌ക്കുന്നു. പാടത്തെ പണിയ്‌ക്ക് ആരും പോകാതെ തന്നെ ആയി.തീരെ പാവങ്ങള്‍ പോലും വളരെ നല്ല ജീവിതം നയിയ്‌ക്കുന്നു.സന്തോഷം തരുന്ന കാര്യമാണ
`.

(തുടരും)

5 comments:

അഞ്ചല്‍കാരന്‍... said...

മരുഭൂവിന്റെ ഊഷരതയില്‍ നിന്നും മലയാളത്തിന്റെ ഊര്‍വരതയിലേക്ക് നയിക്കുന്ന നല്ലൊരു പോസ്റ്റ്.

വിശ്വപ്രഭ said...

പതം പുറത്തുള്ളവര്‍ക്കായി പോകുന്നത് ഒഴിവാക്കാന്‍ വീട്ടിലെത്തന്നെ കുട്ടികള്‍ പോലും കൊയ്യാനും കെട്ടാനും കറ്റ ചുമക്കാനും‍ കൂടും.

കൊയ്തുവെച്ച കറ്റകള്‍ പ്രായമനുസരിച്ച് അഞ്ചും പത്തും ഇരുപതും എണ്ണം വെച്ച് വാഴവള്ളി കൊണ്ട് കെട്ടി തലച്ചുമടായി വീട്ടിലേക്കു നടക്കുന്നതിന് ഒരു പ്രത്യേക താളമുണ്ടായിരുന്നു. കാല്‍ച്ചുവടുകളുടെ അതേ താളത്തില്‍ കറ്റത്തലപ്പുകള്‍ ചെവിയിലും നെറ്റിയിലും കവിളത്തും തലോടി ചാഞ്ചാടും. മെല്ലെ മെല്ലെ ഇക്കിളിയാക്കും. സുഖകരമായി ചൊറിയും. ചേരിന്റെ പകയില്ലാത്തവര്‍ക്ക് നെല്‍പ്പക (അലര്‍ജി) കാണും. അവരുടെ മുഖവും ദേഹവുമെല്ലാം ചുവന്നു തുടുക്കും.
കാലില്‍ ചെരിപ്പുണ്ടാവില്ല. ചേറും ചെളിയുംകുണ്ടും കുഴിയും കണ്ടെന്നുവരാം വഴിയില്‍. കറ്റ കെട്ടഴിയാതെ താഴെ വീഴാതെ മണിയുതിരാതെ കൊണ്ടുവരണാമായിരുന്നു. എങ്കിലും ഒരു ഉത്സവലഹരിയും ഉത്സാഹത്തുടിപ്പും ഉണ്ടാവുമായിരുന്നു നാട്ടിലാകെ.

ചാണകം മെഴുകിയ കളത്തില്‍ കൊണ്ടിട്ട കറ്റകള്‍ കാലുകൊണ്ടോ ഉരലില്‍ അടിച്ചോ പ്രായമായവര്‍ മെതിക്കുമ്പോള്‍ കുട്ടികള്‍ക്ക് ഓടിക്കളിക്കാനുള്ള സമയമാണ്. പലപ്പോഴും അവരുടെ വയറുകള്‍ വിശന്ന് പെപ്പരപേ വിളിക്കുന്നുണ്ടാവും.

മെതികഴിഞ്ഞ നെല്ല് വലിയ കൊമ്പന്മുറങ്ങളിലാക്കി കാറ്റിനെതിരേ നിന്ന് പതിര്‍ വേര്‍പ്പെടുത്തും. കാറ്റ് മതിയാവാതെ വരും. പെണ്ണുങ്ങള്‍ കൊമ്പന്മുറങ്ങള്‍ തലയ്ക്കുമീതെ പിടിച്ച് മെല്ലെ ചെരിച്ച് നെല്ലു താഴേക്കു വീഴ്ത്തുമ്പോള്‍ ആണുങ്ങള്‍ വീശുമുറം കൊണ്ട് വീശി കാറ്റുണ്ടാക്കും.

ഞങ്ങളുടെ നാട്ടില്‍ പതം ഏഴിലൊന്നും ആറിലൊന്നും ഒക്കെ ആയിരുന്നു. മെതി കഴിഞ്ഞ് അളക്കാന്‍ വരുന്നവന്‍ (മിക്കവാറും വീട്ടുകാര്യസ്ഥന്‍) ശരിയല്ലെങ്കില്‍ പണിക്കാര്‍ക്കൊക്കെ സങ്കടം വരുമായിരുന്നു.
മുതലാളിക്ക് വരി അളക്കുമ്പോള്‍ പറയുടെ മുകളറ്റം കൂനയായും പണിക്കാര്‍ക്ക് പതം അള‍ക്കുമ്പോള്‍ പറ്റാവുന്നത്ര നിരപ്പായും വടിക്കും ചിലപ്പോള്‍!
ജോലിയുടെ ഒടുവില്‍ കിട്ടാന്‍ പോകുന്ന കൂലിയുടെ സന്തോഷമോര്‍ത്ത്, പലപ്പോഴും പണിക്കാര്‍ പാവങ്ങള്‍ ഒന്നും മിണ്ടാതിരിക്കും.

അന്നു കിട്ടുന്ന പുന്നെല്ലില്‍ നിന്നും കുറച്ചെടുത്ത് അന്നു വൈകീട്ടുതന്നെ വെച്ചുണ്ണുമായിരുന്നു മുതലാളിയുടേയും തൊഴിലാളിയുടേയും വീടുകളില്‍. ഒരുപക്ഷേ രണ്ടുകൂട്ടര്‍ക്കും ഒരു പട്ടിണിക്കാലത്തിന്റെ കലാശമായിരിക്കും ആ അത്താഴം. മുതലാളി എന്നു പേരിനു വിളിക്കാമെങ്കിലും പലപ്പോഴും അവരും തൊഴിലാളികളും തമ്മില്‍ അവസ്ഥയുടെ കാര്യത്തില്‍ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നില്ല.

നെല്ലുമുഴുവന്‍ അകത്ത് വലിയ ഒരാള്‍ പൊക്കമുള്ള മണ്‍ചാറകളിലും പത്തായങ്ങളിലും നിറച്ചുവെക്കും. ചിലപ്പോള്‍ അതിനുമുകളില്‍ മൂട്ടപ്പൊടി വീശിയ തുണികൊണ്ട് അടച്ചുവെക്കും. വിത്തിനുള്ളത് വേറെ, ലെവിക്കുള്ളത് വേറെ, പാട്ടം വേറെ എന്നൊക്കെ തരം തിരിച്ചിരിക്കും.

(അന്നുകാലത്ത് എല്ലാ കൃഷിക്കാരും കൃഷിയുടേ ഒരു പങ്ക് സര്‍ക്കാരിന് നിര്‍ബന്ധമായി ലെവി ആയി കൊടുക്കണമായിരുന്നു. കുറേയൊക്കെ ആ ലെവികൊണ്ടാണ് റേഷന്‍ഷോപ്പുകളില്‍ അരി കൊടുത്തിരുന്നത്.)

വീട്ടിലെ ആവശ്യങ്ങള്‍ക്ക് സാധനങ്ങള്‍ വാങ്ങേണ്ടിവരുമ്പോള്‍ പലപ്പോഴും പണത്തിനുപകരം നെല്ലോ അരിയോ ആവും കൊടുക്കുക. മുളങ്കാവില്‍ കൊണ്ടുനടന്ന്‌ മീന്‍‌ വില്‍ക്കുന്നവര്‍ വരെ എപ്പോഴും ഒരു ചാക്കും കയ്യില്‍ കരുതിയിരിക്കും. എപ്പോഴാണ് ആരെങ്കിലും നെല്ല് തരുന്നതെന്നറിയില്ലല്ലോ.


പട്ടിണിക്കാലം പിന്നെയും അതികലശലാവുമ്പോഴാണ് വിരിപ്പിന്റെ വയ്ക്കോലടിക്കാന്‍ പണിക്കാര്‍ ധൃതികൂട്ടുക.ആദ്യമൊക്കെ കൃഷിയുടമ കിട്ടുന്നതില്‍ പാതി വാങ്ങുമായിരുന്നെങ്കിലും പിന്നെ അതുപേക്ഷിച്ചുതുടങ്ങി. കാരണം വയ്ക്കോലടിച്ച നെല്ലിന്റെ ചോറ്/കഞ്ഞി കുടിക്കുന്നവര്‍ക്ക് വ്യാപകമായി കോളറ വരുമായിരുന്നു. 1970കളില്‍ അത്തരം കോളറ കേരളത്തില്‍ വ്യാപകമായിരുന്നു.

ഇങ്ങനെ പറഞ്ഞുതുടങ്ങിയാല്‍ ഒരു ഐതിഹ്യമാല തന്നെയുണ്ടാവും. എന്തായാലും കൊപ്രാക്കൂട്ടില്‍ എഴുതിത്തുടങ്ങട്ടെ. എന്നെപ്പോലെയുള്ള അനിയന്മാര്‍ കൂട്ടത്തില്‍ ഉതിര്‍മണികള്‍ പെറുക്കി പിന്നാലെ വരാം.

കിരണ്‍ തോമസ് said...

pപണിക്കാരെ കിട്ടാതെ എങ്ങനെയാണ്‌ കൃഷി ചെയ്യുക എന്ന് ഒരു നെല്‍ കര്‍ഷകന്‍ ഒരു ചര്‍ച്ചയില്‍ പറഞ്ഞപ്പോള്‍ ശ്രീ K.M റോയി പറഞ്ഞു പണ്ടൊക്കെ പണിക്കു വന്നത്‌ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരാണ്‌. എന്നാല്‍ ഇന്ന് അവരുടെ പുതിയ തലമുറ വിദ്യഭ്യാസം നേടുകയും സംവരണം ആനൂകൂല്യം ഉപയോഗിച്ച്‌ ഒരു പ്യൂണിന്റെ പണിയെങ്കിലും നേടിയെടുക്കാന്‍ തുടങ്ങിയതോടെ പണിക്കാളേ കിട്ടാതായി. പിന്നെ പഴയ തലമുറയുടെ പ്രായം കൂടി വന്നതോടെ പലരും പണിക്ക്‌ വരാതായി പിന്നെ ഇപ്പോള്‍ ആരെങ്കിലും വരണമെങ്കില്‍ അവര്‍ ചോദിക്കുന്ന കൂലി കൊടുക്കണം. ഇല്ലെങ്കില്‍ തമിഴരയോ ഉത്തരേന്ത്യക്കാരയോ പണിക്ക്‌ വയ്ക്കണം. പിന്നെ വേറോരു വഴിയും റോയി പറഞ്ഞു ഉടമകള്‍ തന്നെ പണിക്കിറങ്ങുക . ഓഫ്‌ ടോപ്പിക്കാണെങ്കില്‍ ക്ഷമിക്കുക

വിശ്വപ്രഭ said...

റോയി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ പറഞ്ഞതു മുഴുവന്‍ ശരിയാണെന്നു തോന്നുന്നില്ല. കൂട്ടത്തില്‍ കൂടുതല്‍ പട്ടികജാതിക്കാരായിരുന്നെങ്കിലും പാടത്തുപണിയെടുക്കാന്‍ നായരും ഈഴവനും മറ്റു പല സമുദായക്കാരും ഉണ്ടായിരുന്നു.

നാട്ടിന്‍പുറത്തുള്ള ചെറുപ്പക്കാര്‍ ‍പട്ടണങ്ങളിലെ ജോലികള്‍ക്ക് കൂടുതലായി പോയിത്തുടങ്ങിയപ്പോളാണ് വല്ലപ്പോഴും മാത്രം കിട്ടുന്ന കൃഷിപ്പണികള്‍ക്ക് ആളു കുറഞ്ഞത്. പോരാത്തതിന് എട്ടും പത്തും പാസ്സായ കുട്ടികള്‍ക്ക് ദേഹത്ത് ചേറു പുരളുന്നത് അസഹ്യമായിത്തോന്നി.

എന്നും ബസ്സില്‍ കേറി പട്ടണത്തില്‍ പോയി വരുന്ന പരിഷ്കൃതരായ പുതിയ തൊഴിലാളികളെ ഗ്രാമീണര്‍ ആരാധനയോടെ നോക്കി എപ്പോഴും. പട്ടണത്തില്‍നിന്നും പണികഴിഞ്ഞുവരുന്ന പെണ്ണുങ്ങള്‍ നിറമുള്ള പുത്തന്‍ വസ്ത്രങ്ങള്‍ ഇടയ്ക്കിടെ വാങ്ങിക്കൊണ്ടിരുന്നു. കൈലിമുണ്ടിനു പകരം പാവാടകളും സാരിയും ബ്ലൌസിനുപകരം ഷര്‍ട്ടുകളും അവര്‍ ഇട്ടു. വല്ലപ്പോഴും വാങ്ങിക്കൊണ്ടുവരുന്ന നിറമുള്ള ചാന്തും പൌഡറും വളകളും മനോരമ വാരികകളും അവര്‍ക്ക് ഗമ കൂട്ടി. ആണുങ്ങള്‍ കാലിലണിയുന്ന സ്പോഞ്ച് ചെരിപ്പുകളും ബീഡിക്കുപകരം വല്ലപ്പോഴുമുള്ള സിഗരറ്റും പുത്തനായി ഇറങ്ങിയ സിനിമകളില്‍ നസീറും ഉമ്മറും ഷീലയും ജയഭാരതിയും വിജയശ്രീയും മറ്റും അഭിനയിപ്പിച്ചു ഫലിപ്പിച്ച കഥകളും മറ്റുള്ളവര്‍ക്കു മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിച്ചു.
പാവം പാടത്തുപണിക്കാര്‍ അവരെ നോക്കി ആരാധന നിറഞ്ഞ് അസൂയ കവിഞ്ഞ് സ്വയം മറന്ന് നിശ്വാസം പൂണ്ടു.

പട്ടണങ്ങള്‍ കുറേശ്ശെ വളര്‍ന്നുവരികയായിരുന്നു. ഓടിട്ട കെട്ടിടങ്ങള്‍ക്കു പകരം “ടെറസ്സ്” കെട്ടിടങ്ങളും മറ്റും വന്നുതുടങ്ങി. ഓരോരോ സ്ഥലങ്ങള്‍ക്കനുസരിച്ച് പുതിയ പുതിയ കൊച്ചുവ്യവസായങ്ങള്‍ ഉണ്ടായിത്തുടങ്ങി. തൊഴിലാളികള്‍ക്ക് കുറേക്കൂടി സ്ഥിരമായ ജോലികള്‍ ലഭിച്ചുതുടങ്ങി.

പാടം തളര്‍ന്നുകിടന്നു. ഞാറ്റുവേലകള്‍ പിഴച്ചു. വെള്ളം കുറഞ്ഞിട്ടും കൂടിയിട്ടും വിളകള്‍ ചതിച്ചു. ആകെ വിളഞ്ഞ നെന്മണികള്‍ പലപ്പോഴും ചാഴിയോടും മുഞ്ഞയോടും മത്സരിച്ച് തോറ്റു. ബാക്കി വന്ന ഇത്തിരിപ്പൊട്ടിലുകളില്‍ മേഘങ്ങളോളം വലിപ്പത്തില്‍ ഇരുണ്ട ആകാശപ്പട്ടാളങ്ങളായി എരണ്ടക്കൂട്ടങ്ങളും ബ്രൌണ്‍ഹോപ്പറും പറന്നുവന്നു താഴ്ന്നിറങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ അവ ഒരു പാടശേഖരം മുഴുവന്‍ ‍വെട്ടിവിഴുങ്ങി. കാറ്റില്‍ എന്‍ഡ്രിന്റേയും പരാമറിന്റേയും ഡീ.ഡീ.റ്റി.യുടേയും മാത്രം ഗന്ധം ബാക്കിവന്നു.തവളക്കൂട്ടങ്ങളുടെ ‘ക്രോംക്രോം’ പാട്ടുകച്ചേരിയും കുളക്കോഴികളുടെ ആരവവും ഇല്ലാതായി. കീരിയും പാമ്പും തവളയും പോയി. പകരം ആഫ്രിക്കന്‍ പായലും കൊതുക്കൂത്താടികളും ചാഴിയും രംഗം പിടിച്ചടക്കി.

ഇതിനിടയില്‍ പാടത്തിന്റെ ഉടമസ്ഥന്‍ കിട്ടിയ ഉദ്യോഗവും നോക്കി വേറെ വേറെ ദേശങ്ങളിലും രാജ്യങ്ങളിലും പോയിത്തുടങ്ങി.

മെല്ലെ, മുപ്പൂവും ഇരുപൂവും ഉപേക്ഷിച്ച് ഇടവിളകളായി മരച്ചീനി, കൂര്‍ക്ക, കൊക്കോ, മലക്കറികള്‍ തുടങ്ങിയവ പ്രത്യക്ഷപ്പെട്ടു. പുഞ്ചക്കും മുണ്ടകനും വിരിപ്പിനുമായി വെവ്വേറെ മാറ്റിവെച്ചിരുന്ന ചിറ്റേനിയും ചമ്പാവും ആര്യനും വട്ടനും നവരയും മണ്ണടിഞ്ഞു. പകരം യൂണിവേഴ്സിറ്റി ഐ.ആര്‍.എട്ടും വീ.ടീ.സെവനും തൈവാനും ജ്യോതിയും അന്നപൂര്‍ണ്ണയും കൊണ്ടിറക്കി.

കമ്പോളത്തിലെ ജയപരാജയങ്ങള്‍ക്കനുസരിച്ച് ഇടവിളകൃഷികള്‍ മാറിമാറി വന്നും പോയുമിരുന്നു. ഒടുവില്‍ അവറ്റയേയും പരാജപ്പെടുത്തി വാഴ, തെങ്ങ് തുടങ്ങിയവ
വയലുകളില്‍ ആധിപത്യം സ്ഥാപിച്ചു.

വയല്‍ ഇല്ലാതായി.

വയര്‍ നിറക്കാന്‍‍ വടക്കുനിന്നും തീവണ്ടികള്‍ പലതരം അരികളും ഗോതമ്പും പിന്നെ എന്തൊക്കെയോ കൂടി കൊണ്ടുവന്നു....

ഒന്നിനോടൊന്നറിഞ്ഞും ഒരുമിച്ചുണ്ടുമുടുത്തുമാടിയും പുലര്‍ന്ന ഗ്രാമം സ്വയം അറിയാതെ ചെറുപട്ടണങ്ങളായി അഭിനയിച്ചു. വേലിക്കു പകരം മതിലുകള്‍ വന്നു......


:(

(ഇതൊന്നും ഓഫ്-ടോപ്പിക് ആയി എനിക്കു തോന്നുന്നില്ല. ഇതൊക്കെ ആരെങ്കിലും എവിടെയെങ്കിലും എഴുതിവെക്കേണ്ടതുതന്നെയാണ്. പിന്നൊരിക്കല്‍ തിരിഞ്ഞുനോക്കുമ്പോള്‍ തീരെ വൈകിപ്പോയി എന്നു തോന്നിക്കൂടാ.)

myhome said...

ഒന്നും ഓഫ് ടാക്കുകളല്ല.
ഏല്ലാവര്‍ക്കും അറിയാവുന്ന കര്യങ്ങല്‍ ആണങ്കിലും ഒരോരുത്തരും അവരവരുടെ രീതിയില്‍ പറയുനമ്പോള്‍ വായി‌ക്കാനും ചര്‍ച്ചചെയ്യാനും ഒരു സുഖം.
എഴുത്തിന്‍റെയും വായനയുടെയും സുഖം.
നമുക്ക് ഒട്ടും ബലം പ്രയോഗിയ്‌ക്കാതെ എഴുതാം, തുറന്നമനസ്സോടെ ചര്‍ച്ചചെയ്യാം.എഴുത്തിനെക്കാള്‍ പ്രധാന്യം അതിലുള്ള ചര്‍ച്ചയ്‌ക്കു തന്നെയാണന്ന് ഞാന്‍ വിശ്വസിയ്‌ക്കുന്നു. ഏല്ലാം കൂടി ആകുമ്പോള്‍ പുതിയ വായനക്കാരന` എന്തെങ്കിലുകിട്ടും.